2008, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

ജ്യോതിഷവും ആയുര്‍വ്വേദവും

സൂര്യായ ശീതരുചയേ ധരണീസുതായ
ൌമ്യായ ദേവഗുരുവേ ഭൃഗുനന്ദനായ
സൂര്യാത്മജായ ഭുജഗായ ച കേതവേ ച
നമോ ഭഗവതേ ഗുരുവേ വരായ

ആയുസ്സിന്റെ വേദമാണ്‌ ആയുര്‍വേദം. ആയുഷോ വേദം ആയുര്‍വേദം. ആയുര്‍വേദത്തിന്റെ ചരിത്രം ആയുസ്സിന്റെ ചരിത്രമാണ്‌. ആയുസ്സെന്നാല്‍ അനുദിനം അനുനിമിഷം നശിച്ചുകൊണ്ടിരിക്കുന്നത്‌ എന്ന്‌ അര്‍ത്ഥമുണ്ട്‌. ജനനം മുതല്‍ ഓരോ നിമിഷവും ജീവജാലങ്ങള്‍ മരണത്തിലേയ്ക്ക്‌ പിച്ചവെയ്ക്കാന്‍ തുടങ്ങുന്നു. ജനന-മരണങ്ങളുടെ ഇടയിലുള്ള ദൈര്‍ഘ്യത്തെ - സൃഷ്ടി, സ്ഥിതി പരിണാമഘട്ടത്തെ - ആയുസ്സെന്നു വിവക്ഷിച്ചാല്‍ ത്രിദോഷങ്ങളുടെ - വാത, പിത്ത, കഫങ്ങളുടെ - സമാവസ്ഥ ജീവശരീരത്തിന്‌ ദീര്‍ഘായുസ്സും ത്രിദോഷങ്ങള്‍ വികൃതമായാല്‍ രോഗബാധകളാല്‍ പുരുഷന്‍ അല്‍പ്പായുസ്സായും ഭവിക്കുന്നു. ഇതാണ്‌ ത്രിദോഷസിദ്ധാന്തം. ആയുര്‍വേദത്തെ മറ്റു വൈദ്യശാസ്ത്ര സമ്പ്രദായങ്ങളില്‍ നിന്നും വ്യത്യസ്തമായി നിലനിര്‍ത്തുന്നത്‌ ഈ സിദ്ധാന്തമാണ്‌. ജീവശരീരത്തെയും ശരീരധര്‍മ്മത്തെയും ആരോഗ്യത്തെയും രോഗപ്രതിരോധത്തെയും ആഹാരവിഹാരങ്ങളെയും ഔഷധങ്ങളെയും ചികിത്സാകര്‍മ്മങ്ങളെയും ആയുര്‍വേദം വിലയിരുത്തുന്നതും വിശകലനം ചെയ്യുന്നതും ത്രിദോഷസിദ്ധാന്തത്തിന്റെ അടിസ്ഥാനാത്തിലാണ്‌. സമസ്തജീവശരീരങ്ങളും നിലനില്‍ക്കുന്നതും അവ രോഗഗ്രസ്തരാവുന്നതും രോഗവിമുക്തരാവുന്നതും സൃഷ്ടി സ്ഥിതി പരിണാമങ്ങള്‍ക്കു വിധേയരാവുന്നതും ത്രിദോഷങ്ങളാല്‍ തന്നെയാണ്‌.

പ്രപഞ്ചത്തിലുള്ളതെല്ലാം ജീവശരീരത്തിലുള്ളതു ജീവശരീരത്തിലുള്ളതെല്ലാം പ്രപഞ്ചത്തിലുള്ളതുമാണ്‌ വായു, പിത്തം, കഫം ഇവയാണ്‌ ത്രിദോഷങ്ങള്‍. പഞ്ചഭൂതങ്ങളായ ആകാശം, വായു,അഗ്നി, ജലം, ഭൂമി എന്നിവയും ചേതനയും (ആത്മാവ്‌) ചേര്‍ന്നതാണ്‌ പുരുഷന്‍. ആകാശഭൂതത്തിണ്റ്റെ ആധിക്യം വാതത്തിലും അഗ്നിഭൂതത്തിന്റെ ആധിക്യം പിത്തത്തിലും പൃഥ്വിഭൂതത്തിണ്റ്റെ ആധിക്യം കഫത്തിലും നിക്ഷിപ്തമായിരിക്കുന്നു.പഞ്ചഭൂതങ്ങളില്‍ നിന്ന്‌ സപ്തധാതുക്കള്‍ (രസം, രക്തം,മാംസം,മേദസ്സ്‌, അസ്ഥി,മജ്ജ,ശുക്ളം) ഉണ്ടാവുന്നു. പഞ്ചഭൂതങ്ങളുടെയും സപ്തധാതുക്കളുടെയും ബഹുവിധ ബഹുതല സംയോജനത്താല്‍ പുരുഷശരീരം രൂപപ്പെടുന്നു. ജീവിത സാഹചര്യങ്ങള്‍ പ്രകൃതി വിരുദ്ധപരിവര്‍ത്തനങ്ങള്‍ക്ക്‌ വിധേയമാകുമ്പോള്‍ ദോഷങ്ങള്‍ക്കും ധാതുക്കള്‍ക്കും വൃദ്ധിക്ഷയങ്ങള്‍ ഉണ്ടാവുകയും വൃദ്ധിക്ഷയങ്ങളുടെ കാരകഭേദമനുസരിച്ച്‌ രോഗങ്ങള്‍ ഉണ്ടാവുകയുയും ചെയ്യുന്നു. പ്രകൃതിയും മനുഷ്യനും രണ്ടല്ല ഒന്നുതന്നെയാണന്ന ഭാരതീയദര്‍ശനം മൌലികസിദ്ധാന്തമാക്കിയിട്ടുള്ള ചികിത്സാസമ്പ്രദായം ആഗോളതലത്തില്‍ ആയുര്‍വ്വേദത്തിനുമാത്രം അവകാശപ്പെട്ടതാണ്‌.

മനുഷ്യജന്‍മത്തിന്റെ പരമമായ ലക്ഷ്യം പുനര്‍ജ്ജന്മമില്ലാതെ മോക്ഷം പ്രാപിക്കലാണല്ലോ. പൂര്‍വ്വജന്മവാസനകള്‍ അവസാനിക്കുമ്പോളാണ്‌ മോക്ഷപ്രപ്തിയുണ്ടാവുന്നത്‌. അതായത്‌ പൂര്‍വ്വജന്മവാസനകള്‍ പുനര്‍ജ്ജന്മ ഹേതുക്കളാണ്‌. പൂര്‍വ്വജന്മസുകൃദുഷ്‌കൃതങ്ങളുടെ, പുണ്യപാപങ്ങളുടെ വാസനാരൂപത്തോടുകൂടി മനുഷ്യശരീരം രൂപമെടുക്കുന്നു. ( ഭൂമിയില്‍ പുണ്യം ക്ഷയിക്കുമ്പോള്‍, അധര്‍മ്മങ്ങള്‍ കൊടിക്കുത്തി വാഴുമ്പോള്‍, ഭൂമിയുടെ സന്തുലിതാവസ്ഥ താളം തെറ്റുമ്പോള്‍ ധര്‍മ്മസംരക്ഷാണര്‍ത്ഥം ഓരോയുഗത്തിലും ഈശ്വരന്‍ മനുഷ്യനായി അവതരിക്കുന്നുമുണ്ട്‌) പൂര്‍വ്വജന്‍മപാപകര്‍മ്മങ്ങള്‍ വ്യാധിരൂപേണ മനുഷ്യനില്‍ പ്രത്യക്ഷപ്പെടുന്നു. സത്‌കര്‍മ്മങ്ങളും സത്‌വികാരങ്ങളും സുഖാനുഭവങ്ങളെയും ദുഷ്പ്രവര്‍ത്തികളും ദുഷ്‌വികാരങ്ങളും ദുഃഖാനുഭവങ്ങളെയും ഉണ്ടാക്കുന്നു. പൂര്‍വ്വജന്മത്തില്‍ സത്തും അസത്തുമായി ഏതൊരു കര്‍മ്മം ചെയ്യിതിട്ടുണ്ടൊ അതിന്റെ ഫലം എപ്പോള്‍ എങ്ങിനെ എന്തു രോഗമായി അനുഭവിക്കുമെന്ന്‌ വേദങ്ങളുടെ കണ്ണായ ജ്യോതിഷം കാണിച്ചുതരുന്നു.

ആത്മകാരകനായ ആദിത്യനും മന:ശരീരകാരകനായ ചന്ദ്രനും ഈ ശാസ്ത്രത്തിന്റെ നെടുനായകത്വം വഹിക്കുന്നു. ആത്മാവ്‌ മനസ്സിനോടും മനസ്സ്‌ ഇന്ദ്രിയങ്ങളോടും ഇന്ദ്രിയങ്ങള്‍ വിഷയങ്ങളോടും യോഗിച്ചു പ്രവര്‍ത്തിക്കുന്നു. ആദിത്യന്‍ അഹോരാത്രങ്ങളെയും ചന്ദ്രന്‍ നക്ഷത്രങ്ങളെയും സൃഷ്ടിക്കുന്നു. അശ്വരഥത്തില്‍ എഴുന്നുള്ളുന്ന ആദിത്യഭഗവാന്റെ രഥചക്രങ്ങളില്‍ വാരാധിപന്‍മാര്‍ (സപ്തഗ്രഹങ്ങള്‍) ചുറ്റിത്തിരിയുന്നു. ജ്യോതിഷത്തില്‍ ആദിത്യന്‌ ചര-സംക്രമണ സ്വഭാവം ആരോപിച്ചിരിക്കുന്നു. 360 ഡിഗ്രിയുള്ള ചര-ചലന-സംക്രമണ സ്വഭാവമില്ലാത്ത പരിവാഹമെന്ന നിരാലംബ ഭ്രമണമണ്ഡലം ഒരാവര്‍ത്തി ചുറ്റിത്തിരിയാന്‍ സൂര്യന്‌ രണ്ടര നഴിക വീതമുള്ള ഇരുപത്തിനാലു മുഹൂര്‍ത്തങ്ങള്‍ - 60 നാഴിക - ഒരഹോരാത്രം വേണം.

360 ഡിഗ്രിയുള്ള ദീര്‍ഘവൃത്താകൃതിയിലുള്ള വ്യോമമണ്ഡലത്തെ 30 ഡിഗ്രി വീതമുള്ള പന്ത്രണ്ടു രാശികളാക്കി സപ്തഗ്രഹങ്ങള്‍ക്ക്‌ ക്ഷേത്രങ്ങള്‍ നല്‍കി വിന്യസ്സിച്ചിരിക്കുന്നു. ഛായാഗ്രഹങ്ങളായ, തമോഗുണമൂര്‍ത്തികളായ രാഹുകേതുക്കള്‍ ശനിയുടെയും വ്യാഴത്തിണ്റ്റെയും ഭ്രമണപഥത്തിനിടയില്‍ സമാന്തരമായി പ്രതിലോമമായി വക്രഗതിയില്‍ ഒരു രാശിയില്‍ ഒന്നര വര്‍ഷമെടുത്ത്‌ 18 വര്‍ഷത്തിലൊരിക്കല്‍ ഭ്രമണം പൂര്‍ത്തിയാക്കുന്നു. ആദിത്യനും ചന്ദ്രനും ഏകക്ഷേത്രനാഥന്‍മാരാണ്‌. ആറ്‌ രാശികള്‍ ആദിത്യാധിഷ്ടിതവും (ചിങ്ങം മുതല്‍ മുന്നോട്ട്‌ മകരംവരെ) ആറ്‌ രാശികള്‍ ചന്ദ്രാധിഷ്ടിതവുമാണ്‌.(കര്‍ക്കിടകം മുതല്‍ കുംഭം വരെ പുറകോട്ട്‌) ഈരാശികളുടെ സമസ്താവകാശവും ആദിത്യചന്ദ്രന്‍മാര്‍ക്കാണ്‌. ഈ സൌരചാന്ദ്രമണ്ഡലത്തിലെ എല്ലാ ഗ്രഹങ്ങള്‍ക്കും ഈരണ്ടു ക്ഷേത്രങ്ങളുടെ ആധിപത്യവും സ്വക്ഷേത്ര-മൂലക്ഷേത്ര വിശേഷണങ്ങളുമുണ്ട്‌. ആദിത്യചന്ദ്രന്‍മാര്‍ക്കുള്‍പ്പടെ എല്ലാഗ്രഹങ്ങള്‍ക്കും ഉച്ചക്ഷേത്രങ്ങളും നീചക്ഷേത്രങ്ങളും ശത്രുക്ഷേത്രങ്ങളുമുണ്ട്‌. ആദിത്യചന്ദ്രന്‍മാര്‍ക്കൊഴിച്ച്‌ എല്ലാഗ്രഹങ്ങള്‍ക്കും വക്രഗതിയും ആദിത്യനൊഴിച്ച്‌ എല്ലാഗ്രഹങ്ങള്‍ക്കും മൌഢ്യവുമുണ്ട്‌. ഗ്രഹങ്ങള്‍ക്ക്‌ സത്വ-രജ-തമോഗുണ ഭേദങ്ങളുണ്ട് സ്ത്രീ- പുരുഷ -നപുംസക ഭേദങ്ങളുണ്ട്‌, ജാതിഭേദങ്ങളുണ്ട്‌, വര്‍ണ്ണ ഭേദങ്ങളുണ്ട്‌, ശത്രുമിത്രാദി ദോഷങ്ങളുണ്ട്‌ ദൃഷ്ടിയും ദൃഷ്ടിദോഷങ്ങളുമുണ്ട്‌ ആരോഹണ അവരോഹണ വീര്യങ്ങളുമുണ്ട്‌. ബഹുവിധകാരകത്വങ്ങളുമുണ്ട്‌. കാലബലം, ചേഷ്ടാബലം,ഉച്ചബലം,ദിഗ്‌ബലം,അയനബലം,സ്ഥാനബലം,നിസ്സര്‍ഗ്ഗബലം,വക്രബലം മുതലായ്‌ ബലങ്ങളുമുണ്ട്‌. സ്ഫുടങ്ങളെ അടിസ്ഥാനമാക്കി ഗ്രഹങ്ങള്‍ക്ക്‌ വര്‍ഗ്ഗബലം (ഷഡ്വര്‍ഗ്ഗബലം) നിശ്ചയിച്ചിട്ടുണ്ട്‌.ക്ഷേത്രം(രാശി) ഹോര ദ്രേക്കാണം നവാംശകം ദ്വാദശാംശകം ത്രിംശാംശകം എവയാണ്‌ പ്രധാനം. ചതുര്‍ത്ഥാംശകം കൂടിചേര്‍ത്ത്‌ സപ്തവര്‍ഗ്ഗം എന്നൊരു പദ്ധി കൂടി ജാതകഗണിതത്തില്‍ ഉണ്ടെങ്കിലും ഷഡ്വര്‍ഗ്ഗത്തിനും അതില്‍തന്നെ നവാംശകത്തിന് സുപ്രധാനപങ്ക്‌ ഫലനിരൂപണത്തില്‍ കല്‍പ്പിച്ചിട്ടുണ്ട്‌.

രാശികള്‍ക്കും നക്ഷത്രങ്ങള്‍ക്കും കാരകത്വമുണ്ട്‌. ദിനരാശികള്‍, നിശാരാശികള്‍, ശീര്‍ഷോദയരാശികള്‍, പൃഷ്ഠോദയരാശികള്‍, തിര്യങ്മുഖരാശികള്‍, ഓജരാശികള്‍, യുഗ്മരാശികള്‍, ചര-സ്ഥിര-ഉഭയരാശികള്‍, ആഗ്നേയരാശികള്‍, ജലരാശികള്‍, ഭൂരാശികള്‍, വായുരാശികള്‍ തുടങ്ങി മറ്റനേകം സംജ്ഞകള്‍ക്ക്‌ രാശികള്‍ കാരകത്വം വഹിക്കുന്നു. കാലപുരുഷണ്റ്റെ ശരീരം ശിരസ്സുമുതല്‍ പാദങ്ങള്‍ വരെ മേടം മുതല്‍ മീനം വരെയുള്ള രാശികളില്‍ 12 അവയവങ്ങളായി നിരൂപണംചെയ്ത്‌ രോഗഭേദങ്ങള്‍ നിര്‍ണ്ണയിച്ചിരിക്കുന്നു.

കിഴക്കന്‍ ചക്രവാളത്തില്‍ പൂജ്യം ഡിഗ്രി മുതല്‍ 360 ഡിഗ്രിയില്‍ സദാസമയം രാശികളുടെ ഉദയവും അസ്തമനവും സംഭവിച്ചുകൊണ്ടിരിക്കുന്നു. ജനനസമയം ഉദിച്ചുനില്‍ക്കുന്ന, സൂര്യാഭിമുഖമായിവരുന്ന രാശിയെ ലഗ്നവിശേഷിപ്പിക്കുന്നു. ജാതകത്തിലെ പ്രഥമപുരുഷന്‍ ലഗ്നമാണ്‌. ലഗ്നം മുതല്‍ രാശികള്‍ക്ക്‌ ഭാവവും ഭാവധിപത്യവും കേന്ദ്ര-ത്രികോണ സ്ഥിതികളും ഭവനാധിപത്യവും സിദ്ധിക്കുന്നു. ഓരോദിവസവും രാത്രിയും പകലുമായി ആഴ്ചകള്‍ അനുസരിച്ച്‌ വ്യത്യസ്തസമയങ്ങളില്‍ ഗുളികന്‍ രണ്ടുപ്രാവശ്യം രാശിമണ്ഡലത്തില്‍ ഭൂമിക്കുനേരെ ഉദയംചെയ്യുന്നുണ്ട്‌. പന്ത്രണ്ടുരാശികളില്‍ പതിനൊന്നിലും ദോഷം ചെയ്യുന്ന ഗുളികന്‍ പതിനൊന്നാം ഭാവത്തില്‍ മാത്രം ശുഭനാവുന്നു.

ഗുളികനും ഗുളികഭവനാധിപത്യ ദോഷവും കേരള ജ്യോതിഷത്തില്‍ മാത്രം കാണുന്ന പ്രത്യേകതാണ്‌.

ഗ്രഹങ്ങളുടെ ഉച്ചസ്ഥിതി മൂലക്ഷേത്രസ്ഥിതി സ്വക്ഷേത്രസ്ഥിതി കേന്ദ്ര-ത്രികോണസ്ഥിതി ബന്ധുക്ഷേത്രസ്ഥിതി വര്‍ഗ്ഗോത്തമസ്ഥിതി ശുഭാംശകസ്ഥിതി അതിബന്ധുക്ഷേത്രസ്ഥിതി മുതലായവ ഭാവത്തിനു ശുഭത്വവും നീചക്ഷേത്രസ്ഥിതി ശത്രുക്ഷേത്രസ്ഥിതി ഇവയുടെ ദൃഷ്ടി, രാശിഗണ്ഡാന്തം, മൌഢ്യം, ഭാവം, ഭാവധിപന്‍, കാരകഗ്രഹം എവയ്ക്കു ബലമില്ലാതിരിക്കുക, പാപമദ്ധ്യസ്ഥിതിയുണ്ടാവുക, 6, 8, 12 ഭാവാധിപബന്ധം എവയെല്ലാം ഫലദാനവിഷയത്തില്‍ അശുഭങ്ങളാണ്‌. ശുഭവര്‍ഗ്ഗസ്ഥിതിയും അശുഭവര്‍ഗ്ഗസ്ഥിതിയും അപഗ്രന്ഥന വിധേയമാക്കി ഭാവഫലം നിരൂപണം ചെയ്യുന്നു. ഗ്രഹസ്ഫുടങ്ങളെ അടിസ്ഥാനമാക്കി അവയുടെ സൂക്ഷ്മസ്ഥിതി കാണുകയും ചന്ദ്രസ്ഫുടമനുസരിച്ച്‌ കൂറുകളെയും നക്ഷത്രങ്ങളെയും നക്ഷത്രകരണങ്ങളെയും നിത്യയോഗങ്ങളെയും ജന്‍മശിഷ്ടദശ കണക്കാക്കി ദശാപഹാരങ്ങളെയും ഛിദ്രങ്ങളെയും നിരൂപിക്കുന്നു. ആദിത്യന്‍ ദശാഫലങ്ങളുടെ പാചയിതാവും ചന്ദ്രന്‍ പോഷയിതാവുമാണ്‌. ആദിത്യചന്ദ്രന്‍മാരുടെ ബലം ദശാഫലനിര്‍ണ്ണയത്തില്‍ സുപ്രധാനഘടകമാണ്‌.

മനുഷ്യായുസ്സിനെ മൂന്നുവിധം തരംത്തിരിച്ചിരിക്കുന്നു; അല്‍പ്പായുസ്സ്‌ മദ്ധ്യായുസ്സ്‌ ദീര്‍ഘായുസ്സ്‌. ആയുസ്സ്‌ അഷ്ടമാധിപനുമായി ബന്ധപ്പെട്ടിരിക്കുന്നു. ആത്മാവിന്റെയും ലഗ്നത്തിന്റെയും കാരകനായ ആദിത്യനും മനഃശരീരകാരകനായ ചന്ദ്രനും ലഗ്നാധിപന്റെ ബന്ധുവായാല്‍ ദീര്‍ഘായുസ്സ്‌ സമനാണെങ്കില്‍ മദ്ധ്യായുസ്സ്‌ ശത്രുവായാല്‍ ജാതകന്‍ അല്‍പ്പായുസ്സുമായിരിക്കും. ഇത്‌ പൊതുതത്വമാണ്‌. 6-8-12 ഭാവങ്ങള്‍ ദുഃസ്ഥാനങ്ങളാണ്‌. രോഗ-വിയോഗ-വ്യയസ്ഥാനങ്ങളാണ്‌. ആറാംഭാവം കഷ്ടവും പന്ത്രണ്ടാംഭാവം കഷ്ടതരവും എട്ടാംഭാവം കഷ്ടതമവുമാണ്‌. രണ്ടും ഏഴും ഭാവങ്ങള്‍ മാരകസ്ഥാനങ്ങളാണ്‌. ഈ രണ്ടു ഗ്രഹങ്ങളുടെയും രോഗസാദ്ധ്യാസദ്ധ്യതകള്‍ കൂടി കണക്കിലെടുത്തു കൊണ്ടു ഭാവഫലം ചിന്തിക്കേണ്ടതുണ്ട്‌. ആയുസ്സിനെ ഹനിക്കുക എന്നതാണ്‌ അഷ്ടമാധിപന്റെ വിശേഷത. സൂര്യചന്ദ്രന്‍മാര്‍ക്ക്‌ അഷ്ടമാധിപത്യദോഷം എല്ലെന്നാണ്‌ പ്രമാണം. 6,12 എന്നീ ഭാവാധിപത്യം ലഭിച്ചാലും സൂര്യചന്ദ്രന്‍മാര്‍ ദോഷകാരകന്‍മാരല്ല. ലഗ്നാധിപനും അഷ്ടമാധിപനും ഒരെ ഗ്രഹമായാലും അഷ്ടമാധിപത്യദോഷം ഇല്ലെന്നാണ്‌വെപ്പ്‌. കുജനും ശുക്രനുമാത്രമേ ഈ വിശേഷണത്തിന്റെ പരിധിയില്‍ വരികയുള്ളൂ. ലഗ്നാധിപനുള്ള (മേട തുലാ ലം)ശ്രേഷ്ടതയാണ്‌ ഈ വിശേഷണത്തിനുള്ള കാരണം. അഷ്ടമാധിപന്‍ അഷ്ടമത്തില്‍ നിന്നാല്‍ അഷ്ടമാധിപദോഷം വിധിക്കരുത്‌. ഭാവാധിപന്‍ ഭാവത്തില്‍നിന്നാല്‍ ഭാവത്തിന്‌ അതിപുഷ്ടി പറയണം; അഷ്ടമാധിപത്യദോഷം പറയരുത്‌.

ആയുര്‍ന്നിരൂപണത്തില്‍ പ്രാഥമികമായി വിലയിരുത്തേണ്ടത്‌ ലഗ്നത്തിനെയും ലഗ്നാധിപനെയും അഷ്ടമത്തെയും അഷ്ടമാധിപനെയും ചന്ദ്രനെയുമാണ്‌. ലഗ്നത്തിനും ലഗ്നാധിപനും അഷ്ടമത്തിനും അഷ്ടമാധിപനും ശരീരകാരകനായ ചന്ദ്രനും ശുഭയോഗം ശുഭദൃഷ്ടി സ്വക്ഷേത്ര-ഉച്ചക്ഷേത്ര-മൂലക്ഷേത്രസ്ഥിതി ഇവ ആയുര്‍ബ്ബലത്തെയും ഇവരുടെ അശുഭയോഗം അശുഭദൃഷ്ടി പാപ-നീച-ശത്രുക്ഷേത്രസ്ഥിതി ആയുസ്സിന്റെ നാശത്തെയും ചെയ്യുന്നു.

ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥ താളം തെറ്റുമ്പോള്‍ രോഗങ്ങള്‍ ഉണ്ടാവുന്നു എന്ന്‌ നേരത്തെ പ്രസ്താവിച്ചുവല്ലോ. വാത-പിത്ത-കഫങ്ങളുടെ ഏറ്റക്കുറച്ചില്‍ രോഗത്തെയുണ്ടാക്കുന്നു എന്ന ആയുവ്വേദതത്വങ്ങളെ അവലംബിച്ചു കൊണ്ടുതന്നെയാണ്‌ ജ്യോതിഷത്തിലും രോഗങ്ങളെയും രോഗഹേതുക്കളെയും പ്രതിവിധികളെയും നിശ്ചയിച്ചിട്ടുള്ളത്‌.

ആയുര്‍വ്വേദം ഔഷധ പ്രധാനമാണെങ്കില്‍ ജ്യോതിഷം ഗ്രഹദോഷ നിവാരണത്തിനുള്ള ശാന്തിമന്ത്രങ്ങള്‍ക്കും ദാനം ജപം ഹോമം അര്‍ച്ചന എന്നിവയ്ക്കുമാണ്‌ പ്രാധാന്യം കല്‍പ്പിക്കുന്നത്‌. ജന്മാന്തരകൃതമായ പാപത്തിന്‌ പരിഹാരം വരാതെ എത്ര ചികിത്സിച്ചാലും രോഗം മാറുന്നതല്ല.ഔഷധസേവ പിന്നീടെ വരുന്നുള്ളൂ.

ആദിത്യന്‌ വാതത്തോടുകൂടിയ പിത്തം ആരോപിച്ചിരിക്കുന്നു. ചന്ദ്രന്‌ വാതകഫങ്ങള്‍. കുജന്‌ പിത്തവും ബുധന്‌ വാത-പിത്ത-കഫങ്ങളും, ഗുരുവിന്‌ വാത-കഫവും ശുക്രന്‌ കഫ-വാതത്തെയും ശനിക്ക്‌ വാത-പിത്തദോഷവും വിധിച്ചിരിക്കുന്നു. ഏതു ഗ്രഹത്തെ (ദുഃസ്ഥാനത്തുനില്‍ക്കുന്ന ഏറ്റവും ദുര്‍ബ്ബലനായഗ്രഹം ഏതാണോ അത് ) നിരൂപണവിധേയമാക്കിയിട്ടാണോ രോഗം പറയുന്നത്‌ ആ ഗ്രഹത്തിനു പറഞ്ഞ ദോഷത്തില്‍ നിന്നും രോഗം ഉണ്ടായതായി കല്‍പ്പിക്കുന്നു. ഷഡ്വ്‌രസങ്ങള്‍ ത്രിദോഷങ്ങളെ പോഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. മധുരം പുളി ഉപ്പ്‌ ഇവ വാതത്തെയും കയപ്പ്‌ എരിവ്‌ ചവര്‍പ്പ്‌ ഇവ കഫത്തെയും ചവര്‍പ്പ്‌ കയപ്പ്‌ മധുരം ഇവ പിത്തത്തെയും നശിപ്പിക്കും. കയപ്പ്‌ എരിവ്‌ ചവര്‍പ്പ്‌ എവ വാതത്തെയും മധുരം പുളി ഉപ്പ്‌ എവ കഫത്തെയും എരിവ്‌ പുളി ഉപ്പ്‌ എവ പിത്തത്തെയും പോഷിപ്പിക്കും. രസങ്ങള്‍ക്കും കാരകഗ്രഹങ്ങളുണ്ട്‌. സൂര്യന്‌ എരിവും ചന്ദ്രന്‌ ഉപ്പുരസവും കുജന്‌ കയ്‌പ്പും ബുധന്‌ ആറുരസങ്ങളും ഗുരുവിന്‌ മധുരം (അല്‍പ്പം പുളിചേര്‍ന്ന മധുരം) ശുക്രന്‌ പുളി(അല്‍പ്പം മധുരംചേര്‍ന്നപുളി) ശനി ചവര്‍പ്പിന്റെയും കാരകന്‍മാരാണ്‌.

ഗ്രഹങ്ങള്‍ അനിഷ്ടസ്ഥാനത്തു നില്‍ക്കുമ്പോള്‍ മനുഷ്യന്‌ അനിഷ്ടഗ്രഹങ്ങളുടെ ഉപദ്രാവം ഉണ്ടാവുന്നു. അതുകൊണ്ട്‌ ത്രിദോഷകോപം ഉണ്ടാവുന്നു. ത്രിദോഷകോപങ്ങള്‍കൊണ്ട്‌ രോഗഭേദങ്ങള്‍ ഉണ്ടാവുന്നു. ഗ്രഹങ്ങള്‍ രോഗപ്രദന്‍മാരാകുമ്പോള്‍ അവര്‍ക്കു പറഞ്ഞിട്ടുള്ള ശരീരധാതുക്കളിലും രോഗം ആരംഭിച്ചിട്ടുണ്ടെന്നു ധരിക്കണം . സപ്തധാതുക്കള്‍ക്കും അധിപതികളുണ്ട്‌. അസ്ഥി-സൂര്യന്‍,രക്തം മാംസം-ചന്ദ്രന്‍, ത്വക്ക്‌,രസധാതുക്കള്‍-ബുധന്‍, ശുക്ലം-ശുക്രന്‍, മജ്ജ-കുജന്‍, വസ-വ്യാഴം, ഞരമ്പുകളുടെയും ധമനികളുടെയും അധിപതി ശനി. ഗ്രഹത്തിന്റെ ധാതുദോഷമായിരിക്കും രോഗകാരണമായി പരിഗണിക്കുക.

ഗ്രഹങ്ങള്‍ അവരവര്‍ക്കു പറഞ്ഞിട്ടുള്ള പഞ്ചഭൂതങ്ങളെ ആശ്രയിച്ചും ഋതുഭേദങ്ങള്‍ അനുസരിച്ച്‌ രോഗം ഉണ്ടാക്കും. അഗ്നി ആകാശം ഭൂമി വായു ജലം ഇവയാണല്ലോ പഞ്ചഭൂതങ്ങള്‍. അഗ്നിഭൂതത്തിന്റെ ആധികാരികത സൂര്യനും കുജനുമാണ്‌. നേത്രം രൂപം പാദങ്ങള്‍ വ്യനന്‍ വിശപ്പ്‌ ദാഹം മോഹാലസ്യം ഉറക്കം തേജസ്സ്‌ ഇവ അഗ്നിഭൂതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിഭൂതത്തിന്റെ അധിപന്‍ ബുധനാണ്‌. ഗന്ധം ഘ്രണേന്ദ്രിയം ഉപസ്ഥം പ്രാണവായു അന്നമയകോശം മാംസം അസ്ഥി ഞരമ്പുകള്‍ ഇതെല്ലാം ഭൂമിഭൂതത്തില്‍ പെടുന്നവയാണ്‌. ആകാശഭൂതത്തില്‍ ശബ്ദം ശ്രവണേന്ദ്രിയങ്ങള്‍ സമാനന്‍ രാഗം ദ്വോഷം മോഹം ഭയം ജര എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു. ആകാശഭൂതത്തിന്റെ ആധിപത്യം വ്യാഴത്തിനാണ്‌. ജലഭൂതത്തില്‍ ജലം രസം രസനേന്ദ്രിയങ്ങള്‍ വായു അപാനന്‍ പ്രാണമയകോശം വിയര്‍പ്പ്‌ രക്തം മൂത്രം ശുക്ലം ഉമിനീര്‍ മുതലായവയാണ്‌. ഇവ ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. വായു സ്പര്‍ശനേന്ദ്രിയം ത്വക്ക്‌ കയ്യുകള്‍ ഉദാനന്‍ ജ്ഞാനമയകോശം ശരീരചലനം ഇവയെല്ലാം വായുഭൂതത്തിലും ആധിപത്യം ശനിക്കുമാണ്‌. ആദിത്യചന്ദ്രന്‍മാര്‍ക്ക്‌ അഗ്നിയുടെയും ജലത്തിന്റെയും ആധിപത്യമുണ്ട്‌.

രാശികളെ രാശ്യാധിപന്റെ ഭൂതങ്ങളെകൊണ്ടാണ്‌ വിശേഷിപ്പിക്കേണ്ടത്‌. വാതജന്യം പിത്തജന്യം കഫജന്യം വാതപിത്തജന്യം വാതകഫജന്യം പിത്തകഫജന്യം സന്നിപാതജന്യം തുടങ്ങിയ സ്ഥായിയായ രോഗങ്ങളെല്ലാം രസ-ധാതു-ഭൂതങ്ങളും ത്രിദോഷങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന. സൂര്യന്‍ അനിഷ്ടസ്ഥാനത്തുനില്‍ക്കുക ശത്രുക്ഷേത്രത്തില്‍ നില്‍ക്കുക നീചാംശകത്തില്‍ നില്‍ക്കുക മുതലായ ദുര്‍ബ്ബലത കൊണ്ട്‌ സൂര്യന്‍ കാരകത്വം വഹിക്കുന്ന ത്രിദോഷങ്ങള്‍ക്കും രസങ്ങള്‍ക്കും ധാധുക്കള്‍ക്കും ഭൂതങ്ങള്‍ക്കും വൃദ്ധിക്ഷയങ്ങള്‍ ഉണ്ടാവുകയും, ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥ താളം തെറ്റുകയും ചെയ്യുമ്പോള്‍ പിത്തരോഗം, ഉഷ്ണജ്വരം അപസ്മാരം ഹൃദ്രോഗം ഉദരരോഗം നേത്രരോഗം ത്വക്ക്‌രോഗം അസ്ഥിസ്രാവം കുഷ്ഠരോഗം അിഭയം തുടങ്ങിയ രോഗങ്ങളും പിതൃകോപം രാജകോപം ശിവകോപം മുതലായ അരിഷ്ടതകളുമുണ്ടാവുന്നു. ഇപ്രകാരം ചന്ദ്രന്‍ നിന്നാല്‍ ചന്ദ്രന്റെ കാരകഭേദമനുസരിച്ച്‌ കഫാധിക്യരോഗം അതിസാരം ചൊറി ചിരങ്ങ്‌ ശീതജ്വരം അഗ്നിമാന്ദ്യം മനസ്സിക്ഷീണം കഫം വാതം രക്തം എന്നിവ ദുഷിച്ചരോഗം മാതൃകോപം ദുര്‍ഗ്ഗാദേവികോപം ധര്‍മ്മദൈവങ്ങളുടെ കോപം തുടങ്ങിയവ ഫലങ്ങള്‍ പറയുന്നു. കുജന്‍ നിഷ്ടസ്ഥാനത്തു നിന്നാല്‍ പിത്തജ്വരം രക്തകോപം കുഷ്ഠം നേത്രരോഗം ഉദരരോഗം അപസ്മാരം മജ്ജാനാശം ശരീരക്ഷീണം ജ്വരരോഗം സന്താന-സഹോദര-ബന്ധുവിരോധം എന്നിവയാണ്‌ ഫലം. ബുധന്‍ അനിഷ്ടസ്ഥാനത്തു നിന്നാല്‍ വാത-പിത്ത-കഫങ്ങള്‍ കോപിച്ച ജ്വരം ഉന്മാദം കണ്‌ഠരോഗം ചര്‍മ്മരോഗം വിളര്‍ച്ച മഹാവിഷ്ണുകോപം എന്നീഫലങ്ങളും, വ്യാഴം അനിഷ്ടസ്ഥാനത്തു വരുമ്പോള്‍ കഫദോഷത്തില്‍ നിന്നുള്ള കര്‍ണ്ണരോഗം പ്രമേഹരോഗം ഉദരരോഗം കുടല്‍രോഗം മോഹാലസ്യം തുടങ്ങിയ രോഗങ്ങളും വിഷ്ണു - ദേവ -ബ്രാഹ്മണ കോപം എന്നിവ ഫലങ്ങളാണ്‌. ശുക്രന്‍ അനിഷ്ടസ്ഥാനത്തു നിന്നാല്‍ കഫവും പിത്തവും കോപിച്ചുണ്ടായരോഗം നേത്രരോഗം ഉത്സാഹമില്ലായ്മ ഗുഹ്യരോഗം മൂത്രാശയരോഗങ്ങള്‍ ക്രമാതീതമായ ലൈംഗികവേഴ്ച കൊണ്ടുള്ള ബലക്ഷയം, അതുകാരണമായ അസുഖങ്ങള്‍, ഭാര്യാനാശം ദേഹത്ത്‌ നീരുണ്ടാവുക ഇഷ്ടജനങ്ങള്‍ക്കു നാശം എന്നീ ഫലങ്ങള്‍ പറയുന്നു. ശനി അനിഷ്ടപ്രദനായാല്‍ വാതകഫങ്ങല്‍ കോപിച്ചുണ്ടായ രോഗം നാഡി ഞരമ്പുകള്‍ക്കു ക്ഷീണം ആലോചനക്കുറവ്‌ ആലസ്യം മടി ചിത്തഭ്രമം കാലില്‍നീര്‌ ഭാര്യാസന്താനങ്ങള്‍ക്ക്‌ ആപത്ത്‌ അംഗവൈകല്യം മനോദുഃഖം നീചമൂര്‍ത്തികളില്‍നിന്നുള്ള ഉപദ്രവം എന്നിവയാണ്‌ ചിന്തിക്കേണ്ടത്‌. രാഹുകേതുക്കള്‍ അനിഷ്ടാധിപന്‍മാരായാല്‍ പരസ്പരവിരുദ്ധമായ രോഗങ്ങള്‍ ദേഹത്തിന്‌ ചൂട്‌ കുഷ്ഠം ഭക്ഷ്യവിഷം പാദരോഗം ഭാര്യാസന്താനങ്ങള്‍ക്ക്‌ ആപത്ത്‌ ബ്രാഹ്മണവിരോധം പ്രേതബാധാകൊണ്ടുണ്ടായ രോഗം എന്നീ ഫലങ്ങള്‍ പറയാം. ശനിവല്‍ രാഹു കുജവല്‍ കേതു എന്ന പ്രമാണമനുസരിച്ച്‌ രാഹുവിന്‌ ശനിക്ക്‌ ആരോപിച്ചിട്ടുള്ള രോഗങ്ങളെയും കേതുവിന്‌ കുജനു പറഞ്ഞിട്ടുള്ള രോഗങ്ങളും പറയണം. രാഹുകേതുക്കള്‍ക്ക്‌ അവര്‍ നില്‍ക്കുന്ന ക്ഷേത്രനാഥന്‍മാര്‍ക്ക്‌ പറഞ്ഞിട്ടുള്ള ദോഷങ്ങളെയും നിരൂപണംചെയ്ത്‌ ഫലനിര്‍ദ്ദേശം ചെയ്യണം.

മനുഷ്യനുണ്ടാവുന്ന സകലരോഗങ്ങളുടെയും നിദാനം വാതപിത്തകഫങ്ങളുടെ സന്തുലിതാവസ്ഥയില്‍ ഗ്രഹങ്ങള്‍ കാരകഭേദമനുസരിച്ച്‌ വരുത്തുന്ന മാറ്റം രസ-ധാതു-ഭൂതങ്ങളില്‍ സൃഷ്ടിക്കുന്ന പ്രകടമായ വ്യത്യാസങ്ങളുടെ അന്തരഫലം കൊണ്ടാണെന്നും, പൂര്‍വ്വജന്മ സുകൃതദുഷ്‌കൃതങ്ങള്‍ ത്രിദോഷങ്ങളുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന മുഖ്യഘടകമാണെന്നും ജ്യോതിഷം ഉല്‍ഘോഷിക്കുന്നു. പ്രഗത്ഭരായ ഒട്ടെല്ലാ വൈദ്യന്മാരും ജ്യോതിഷത്തില്‍ അവബോധം ഉള്ളവരായിരുന്നു. ജ്യോതിഷത്തെ ഒരു ശാസ്ത്രമായി അംഗീകരിക്കാന്‍ വൈമുഖ്യമുള്ളവരുടെ കാര്യത്തില്‍ അഭിപ്രായസമന്വയത്തിന്‌ പ്രസക്തിയില്ലെങ്കിലും ആയുര്‍വ്വേദവും ജ്യോതിഷവും പരസ്പരപൂരിതമാക്കിയാല്‍ രോഗനിര്‍ണ്ണയം പിഴവറ്റതാക്കാന്‍ കഴിയും എന്നതിന്‌ സംശയം വേണ്ട. കാരണം ഭാരതത്തിന്റെ മൌലികസമ്പത്തെല്ലാം ഋഷിപ്രോക്തങ്ങളാണ്‌ ഇന്നോ നാളേയോ മറ്റന്നാളോ അതിനുമാറ്റം വരികയില്ല. അവ കാലാതീതമാണ്‌,ദേശാതീതമാണ്‌, വിശ്വപ്രപഞ്ചം മുഴുവനും അന്തരാത്മാവില്‍ സാക്ഷാല്‍ക്കരിക്കപ്പെട്ടവരുടെ ആറാം ഇന്ദ്രിയത്തില്‍നിന്നും പിറവിയെടുത്തവയാണ്‌. ആധുനിക അത്യാധുനിക അത്യന്താധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ക്ക്‌ നിര്‍വ്വചനം കൊടുക്കാന്‍ സാധിക്കാത്ത സമസ്യകള്‍ക്കെല്ലാം അഭയം നല്‍കാന്‍ ഭാരതീയദര്‍ശനങ്ങള്‍ക്ക്‌ സാധിക്കുന്നത്‌ മറ്റൊന്നുകൊണ്ടുമല്ല. അസത്തില്‍നിന്ന്‌ സത്തിലേക്കും തമസ്സില്‍ നിന്ന്‌ ജ്യോതിസ്സിലേക്കും മൃത്യുവില്‍നിന്ന്‌ അമൃതത്തിലേക്കും ആ ശക്തി നമ്മെ നയിച്ചുകൊണ്ടേയിരിക്കട്ടെ.